സ്ത്രീകളെ ശാരീരികമായോ വാക്കുകള്‍ കൊണ്ടോ അപമാനിച്ചാല്‍ പുരുഷന്‍മാര്‍ക്ക് പതിനായിരം ദിര്‍ഹം പിഴ ശിക്ഷ
അബുദാബി : സ്ത്രീകളെ പൊതുഇടങ്ങളില്‍ വെച്ച് ശല്യം ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ശിക്ഷ ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വാക്കുകള്‍ കൊണ്ട് അപമാനിച്ചാലും അശ്ലീല ചിഹ്നങ്ങള്‍ കാണിച്ചാലും ഈ ശിക്ഷ ലഭിക്കും. ശാരിരികമായുള്ള അപമാനം, അശ്ലീല പദപ്രയോഗങ്ങള്‍, ചിഹ്നങ്ങള്‍ എന്നിവ ഉപയോഗിച്ച് അപമാനിച്ചാലും ശല്യം ചെയ്താലും പിഴശിക്ഷ ഉണ്ടാകും.
പൊതുഇടങ്ങളില്‍ എന്നതിന്റെ പരിധിയില്‍ സാമൂഹ്യ മാധ്യമങ്ങളും ഉള്‍പ്പെടുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യുഷന്‍ അറിയിച്ചു.
സ്ത്രീകളുടെ വേഷം ധരിച്ച് അവര്‍ക്കുമാത്രമായുള്ള ഇടങ്ങളില്‍ എത്തിയാലും സമാനമായ ശിക്ഷ ലഭിക്കും. പതിനായിരം ദിര്‍ഹം ( ഏകദേശം രണ്ടു ലക്ഷം രൂപ) പിഴയും ഒപ്പം ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാം. യുഎഇ പബ്ലിക് പ്രോസിക്യുഷന്‍ സാമുഹിക മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
സമൂഹത്തിന്നിടയില്‍ നിയമപരമായ അവബോധം വളര്‍ത്താനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് യുഎഇ പബ്ലിക് പ്രോസിക്യുഷന്‍ സാമുഹിക മാധ്യമങ്ങള്‍ വഴി കുറ്റങ്ങളേയും ശിക്ഷകളേയും കുറിച്ചുള്ള പോസ്റ്ററുകള്‍ പങ്കുവെയ്ക്കുന്നത്.













