സുധീര്‍ നാഥ്
സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ റിപ്പബ്ലിക്ക് ദിനം സാക്ഷ്യം വഹിച്ചത്. ലക്ഷക്കണക്കിന് ട്രാക്ടറുകളില്‍ കര്‍ഷകര്‍ ഡല്‍ഹി കേന്ദ്രമാക്കി എല്ലാ അതിര്‍ത്തികളിലൂടെയും ട്രാക്ടര്‍ പ്രകടനം നടത്തിയത് ഇരുപത്തഞ്ച് ലക്ഷത്തിലേറെ ജനങ്ങള്‍ നേരില്‍ കണ്ടു. ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് തുടങ്ങിയ ട്രാക്ടര്‍ റാലിയെ റോഡിന്റെ ഇരുവശത്തു നിന്നും ജനങ്ങള്‍ അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്ത്രീക്കും കുട്ടികളും ട്രിക്ടര്‍ റാലിക്ക് പുഷ്പവൃഷ്ടി നടത്തി. വഴി നീള ജനങ്ങള്‍ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്ന കാഴ്ച്ച ആവേശം പകരുന്നതാണ്.
ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി കടന്നുവരാതിരിക്കാന്‍ പോലീസ് വച്ചിരിക്കുന്ന തടസ്സങ്ങളെല്ലാം നീങ്ങി കൊണ്ടാണ് കര്‍ഷകര്‍ മുന്നോട്ടു പോയത്. വലിയ ട്രക്കുകയും, ബസുകളും, കണ്ടെയ്‌നറുകളും, സിമന്റ് ബ്‌ളോക്കുകളും കര്‍ഷകര്‍ ട്രാക്റ്ററുകള്‍ ഉപയോഗിച്ച് നീക്കം ചെയ്ത് വഴി ഒരുക്കിയാണ് ഡല്‍ഹിയിലേയ്ക്ക് കടന്നത്. പോലീസ് നിഷ്‌ക്രീയമായി നോക്കി നില്‍ക്കുകയായിരുന്നു.
പോലീസ് നിശ്ചയിച്ച സമയവും, വഴിയും സമര രംഗത്തുള്ള കര്‍ഷകര്‍ രാവിലെ തന്നെ ലംഘിച്ചു. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 5 വരെ മൂന്ന് ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് നിശ്ചിത വഴിയിലൂടെ പോകാനാണ് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡല്‍ഹി പോലീസ് അനുമതി നല്‍കിയത്.
തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്ടര്‍ റാലി നടന്നത്.
ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ എഴുപത്തിരണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി രാജ്പഥില്‍ റിപ്പബ്ലിക്ക് പരേഡ് നടക്കുന്ന അവസരത്തില്‍ തന്നെയായിരുന്നു ഡല്‍ഹിയുടെ എല്ലാ അതിര്‍ത്തിയില്‍ നിന്നും ട്രാക്റ്ററുകളില്‍ ഡല്‍ഹിയിലേയ്ക്ക് പ്രവേശിച്ചത്. എല്ലാ ടെലിവിഷന്‍ ചാനലുകളിലും റിപ്പബ്ലിക്ക് പരേഡും , ട്രാക്ടര്‍ റാലിയും ഒരേ സമയം കാണിക്കേണ്ടി വന്നു.
കര്‍ഷകര്‍ ട്രാക്ടറുകളുമായി ചെങ്കോട്ടയിലും, നഗര സിരാ കേന്ദ്രമായ ഐ.ടി.ഒ. യിലും എത്തി എന്നത് സമരത്തിന്റെ ശക്തിയാണ് കാണിക്കുന്നത്. ട്രാക്റ്റര്‍ റാലിയും, കര്‍ഷകരുടേയും, അവരെ പിന്തുണയ്ക്കുന്നവരുടേയും പങ്കാളിത്തം കൊണ്ട് സമരം ലോക ശ്രദ്ധ പിടിച്ചു പറ്റി എന്നത് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ നോക്കിയാല്‍ മനസിലാക്കും.
കര്‍ഷകര്‍ വേണ്ട എന്ന് പറയുന്ന ബില്ല് അവരെ അടിച്ചേല്‍പ്പിക്കുന്ന ഏകാധിപത്യ നടപടി വ്യാപകമായി സംസാര വിഷയമാണ്. ബി.ജെ.പി നേതൃത്ത്വത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം ഉയര്‍ന്ന് തുടങ്ങി. ബില്ലുകള്‍ പിന്‍വലിച്ച് സര്‍ക്കാരിന്റെയും, പാര്‍ട്ടിയുടേയും മുഖം രക്ഷിക്കുന്നതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി കടും പിടുത്തം നടത്തുന്നത് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ബി.ജെ.പി നേതാക്കള്‍ തന്നെ പറയുന്നു. കര്‍ഷകര്‍ക്കൊപ്പമാണ് പല ബി. ജെ. പി നേതാക്കളും.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമല്ല എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ക്കുള്ളത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
സമരത്തില്‍ നുഴഞ്ഞ് കയറി ബി.ജെ.പി ഗുണ്ടകള്‍
ബി.ജെ.പി അനുകൂലികള്‍ സമരക്കാര്‍ക്കിടയിലേയ്ക്ക് നുഴഞ്ഞു കയറി ആക്രമണം നടത്തി. ഗള്‍ഫിന്റ്യന്‍സിന്റെ ക്യാമറ അടിച്ചു തകര്‍ത്ത അവര്‍ ഡാറ്റാ കാര്‍ഡ് ഊരി എടുത്തത് തോക്ക് കാട്ടിയാണ്. പോലീസിന്റെ മുന്നില്‍ വെച്ചാണ് ചെങ്കോട്ടയില്‍ ഇത് സംഭവിച്ചത്.
കര്‍ഷകര്‍ക്കിടയില്‍ നുഴഞ്ഞുകയറിയ ബി ജെ പി ഗുണ്ടകള്‍ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. ചെങ്കോട്ടയില്‍ നാല് സമര അനുകൂലികള്‍ക്ക് വെടിയേറ്റു സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായവരുടെ ഫോണുകള്‍ പിടിച്ച് വാങ്ങി നശിപ്പിച്ചു. പത്തോളം ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറ നശിപ്പിച്ചു.
സിഘു അതിര്‍ത്തി മുതല്‍ ചെങ്കോട്ട വരെ ഒരു തരത്തിലുള്ള അക്രമണവും ഉണ്ടായിരുന്നില്ല എന്ന് കര്‍ഷകര്‍ ചൂണ്ടി കാണിക്കുന്നു. സമരത്തെ തകര്‍ക്കുന്നതിന് മനപൂര്‍വ്വമായി ബി.ജെ.പി നടത്തിയ നീക്കമായിരുന്നു ചെങ്കോട്ടയിലും പരിസരത്തും നേരില്‍ കണ്ടത്. ആരാണ് സമരക്കാരെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു.
ചെങ്കോട്ടയില്‍ കയറി കൊടി കെട്ടിയത് കര്‍ഷകരല്ല എന്നും അവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും കര്‍ഷക നേതാക്കള്‍ തന്നെ പറഞ്ഞ് കഴിഞ്ഞു. സമര നേതാക്കളെ പോലും വിസ്മയിപ്പിച്ച ജനപങ്കാളിത്തം കൊണ്ട് കര്‍ഷക സമരം ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു.




















