ഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍. താങ്ങുവിലയ്ക്ക് നിയമനിര്‍മാണം നടത്തുന്നതില്‍ ചര്‍ച്ചയാകാമെന്നും സര്‍ക്കാര്‍ പറഞ്ഞു.
ഡിസംബര്‍ 30 നാണ് കര്‍ഷക യൂണിയന്‍ പ്രതിനിധികളും കേന്ദ്രവും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ കര്‍ഷകര്‍ മുന്നോട്ടുവച്ച നാല് ആവശ്യങ്ങളില്‍ രണ്ടെണ്ണത്തില്‍ ഏകദേശ ധാരണയായെന്നാണ് സൂചന. നാല് പ്രധാനപ്പെട്ട ആവശ്യങ്ങളാണ് കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നില്‍വച്ചത്. കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കുക, താങ്ങുവില ഉറപ്പാക്കുമെന്ന് നിയമപരമായ പരിരക്ഷ നല്‍കുക, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി റദ്ദാക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. ഇതില്‍ വൈദ്യുതി ബില്‍, വൈക്കോല്‍ കത്തിക്കുന്ന കര്‍ഷകര്‍ക്കെതിരെയുള്ള നടപടി എന്നിവയിലാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്.