ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള വിപണികളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താനാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ കേന്ദ്രത്തില്‍ നിന്ന് അനുവാദം തേടിയത്. ഇതിന് പുറമെ സംസ്ഥാനത്ത് അനുവദിച്ചിരുന്ന നിരവധി ഇളവുകളില്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട് . നേരത്തെ 200 അതിഥികള്‍ക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ നിലവില്‍ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുന്നവരുടെ എണ്ണം 50 ആക്കി ചുരുക്കി.
ഇതുപോലെ വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ഒരിടവേളയ്ക്ക് ശേഷം കോവിഡിന്റെ വ്യാപനം അനിയന്ത്രിതമായി ഉയരുകയാണ്. ശൈത്യകാലം ആരംഭിച്ചതിനാല്‍ പല വിദേശ രാജ്യങ്ങള്‍ക്കും സമാനമായി ഡല്‍ഹിയിലും കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.












