ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഡിന്‍റെ ഇപ്പോഴത്തെ അവസ്ഥ ജൂണ്‍ മാസത്തേക്കാള്‍ മികച്ചതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് കൊവിഡ് വ്യാപനം കുറക്കാന്‍ സാധിച്ചതെന്നും കെജ്‌രീവാള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കൊവിഡിനെതിരെയുള്ള പോരാട്ടം ഇനിയും തുടരണം. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുത്. എല്ലാവരുടെയും സഹകരണം ഇനിയും തുടരണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂലൈ 15 നുള്ളില്‍ ഡല്‍ഹിയില്‍ 2.25 ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുമെന്നാണ് നേരത്തേ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍, ഇന്നത്തെ കണക്കുകള്‍ പ്രകാരം പറഞ്ഞതിലും പകുതി കേസുകള്‍ മാത്രമേ ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. 1.15 ലക്ഷം കേസുകളാണ് ഡല്‍ഹിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ജൂലൈ ഒന്നിന് ഡല്‍ഹിയിലെ ആശുപത്രികളില്‍ 4100 ബെഡ്ഡുകളാണ് ഉണ്ടായിരുന്നത്. ഇന്നത് 15,500 ആയി ഉയര്‍ന്നിട്ടുണ്ട്.
കൊവിഡിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ ഒറ്റക്ക് പോരാടുമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍ ഈ പോരാട്ടം പോരാട്ടത്തില്‍ തോറ്റുപോയേനെ. സര്‍ക്കാറിനൊപ്പം കേന്ദ്രവും സന്നദ്ധ സംഘടനകളും മതസ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനിന്ന് ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് ഈ പോരാട്ടത്തില്‍ ജയിച്ചത്. അതിന് എല്ലാവരോടും നന്ദി പറയുന്നുവെന്നും കെജ്‌രീവാള്‍ കൂട്ടിച്ചേര്‍ത്തു.