ഡല്‍ഹി: വിളപ്പെടുപ്പ് കഴിഞ്ഞ വയലുകളില്‍ തീയിടുന്നതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കരുതെന്ന് അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് അഭ്യര്‍ത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഒരു പ്രത്യേക തരം ദ്രാവകം സ്‌പ്രേ ചെയ്ത് 20 ദിവസത്തിനുള്ളില്‍ വൈക്കോലിനെ കമ്പോസ്റ്റാക്കി മാറ്റുന്ന രീതി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതുപയോഗിക്കണം. അതല്ലാതെ ഇതിന്റെ പേരില്‍ പാവം കര്‍ഷകര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നത് ഖേദകരമെന്ന് കെജ്രിവാള്‍ വ്യക്തമാക്കി.
ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.
ഡല്‍ഹി അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ് – ഹരിയാന – യു പി തുടങ്ങിയടങ്ങളിലെ വയലുകളിലും സ്‌പ്രേയിലൂടെ വൈക്കോലിനെ കമ്പോസ്റ്റാക്കു (ജൈവവളം )ന്നത് പരീക്ഷിയ്ക്കാവുന്നതാണ്. ഇതിലൂടെ അടുത്ത കൃഷിയിറക്കുന്നതിന്റെ ഭാഗമായി വൈക്കോല്‍ കത്തിച്ച് വയലൊരുക്കുന്ന രീതിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറും. അതോടെ വൈക്കോല്‍ കത്തിച്ചുള്ള പുകശല്യം ഡല്‍ഹിയടക്കമുള്ള നഗരങ്ങളെ ബാധിക്കില്ല. വൈക്കോല്‍ പുക സൃഷ്ടിക്കുന്ന വായു മലിനീകരണത്തില്‍ വലിയൊരു അളവോളം ഡല്‍ഹിയടക്കമുള്ള നഗരങ്ങള്‍ വിമുക്തമാവുകയും ചെയ്യും – കെജ്രിവാള്‍ വിശദികരിച്ചു.
വൈക്കോല്‍ കത്തിച്ച 40000 ത്തിലധികം സംഭവങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഞ്ചാബ് റിമോട്ട് സെന്‍സിങ് കേന്ദ്രത്തിന്റെ ഡാറ്റാ ഉദ്ധരിച്ച് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോഡല്‍ ഓഫീസര്‍ ജി എസ് ഗില്‍ പറയുന്നു.