ജനുവരി ഒന്നു മുതല്‍ കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ മാറിയതോടെ വിവിധ വിമാനത്താവളങ്ങളില്‍ പെട്ടുപോയ പ്രവാസികള്‍ ദുരിതത്തിലായി.
അബുദാബി : ശൈത്യകാല അവധി ആഘോഷിക്കാന്‍ നാട്ടില്‍ പോയ പല പ്രവാസികളും തിരിച്ച് യുഎഇയിലെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നു. ജനുവരി മുതല്‍ മാറിയ കോവിഡ് നിയന്ത്രണങ്ങളും പുതുവത്സരത്തിലെ തിരക്കു മൂലം പിസിആര്‍ ടെസ്റ്റുകളുടെ ഫലം ലഭ്യമാകാന്‍ വൈകുന്നതുമാണ് പലരും വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിപ്പോകാന്‍ ഇടയായത്.
റാപിഡ് ആന്റിജന്‍ ടെസ്റ്റ് ഫലം പോലും പലേടങ്ങളിലും വൈകുന്നതായാണ് റിപ്പോര്‍ട്ട്. റാപിഡ് ടെസ്റ്റിനുള്ള കിറ്റ് തീര്‍ന്നതിനാല്‍ യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.
യാത്ര പുറപ്പെടും മുമ്പ് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റ് ഫലം എന്നത് 48 മണിക്കൂറായി ജനുവരി ഒന്ന് മുതല്‍ ചുരുക്കിയിരുന്നു.
പുതുവത്സര അവധിയെതുടര്‍ന്ന് വിമാനത്താവളങ്ങളില്‍ മതിയായ സ്റ്റാഫ് ഇല്ലാതിരുന്നതും പ്രശ്‌നമായി. സ്റ്റാഫ് ഇല്ലാത്തതിനാല്‍ ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ വൈകീട്ട് ആറുമണിക്ക് ശേഷം പിസിആര്‍ സെന്ററുകള്‍ പ്രവര്‍ത്തിച്ചില്ല.
നേരത്തെ, ടെസ്റ്റ് എടുത്തവര്‍ക്ക് ഫലം വന്നപ്പോള്‍ 48 മണിക്കൂര്‍ സമയപരിധി തന്നെ കഴിഞ്ഞിരുന്നു. റാപിഡ് ടെസ്റ്റ് സെന്ററില്‍ എത്തിയപ്പോല്‍ പരിശോധ കിറ്റ് തീര്‍ന്ന അവസ്ഥയും ഉണ്ടായി.
ഇതുമൂലം അധിക പണചെലവും സമയ നഷ്ടവും ഉണ്ടായതില്‍ ഖേദിക്കുകയാണ് പ്രവാസികള്‍.
പുതിയ ഗ്രീന്‍ ലിസ്റ്റ് പ്രകാരം യുകെ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ ക്വാറന്റൈന്‍ ആവശ്യമില്ലെന്ന സന്തോഷ വാര്‍ത്തയുമായി വിമാനത്താവളത്തില്‍ എത്തിയവര്‍ക്കാണ് ദുരിതം നേരിടേണ്ടി വന്നത്.
യാത്രക്കാര്‍ക്ക് യുഎഇയില്‍ എത്തിയ ശേഷമുള്ള പിസിആര്‍ ടെസ്റ്റ് റിസള്‍ട്ടും വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പുതുവത്സരാഘോഷത്തിനു ശേഷം നിരവധി പേര്‍ കോവിഡ് ടെസ്റ്റിന് എത്തിയതും പൊതുഅവധിയായതിനാല്‍ സ്റ്റാഫുകളുടെ എണ്ണത്തിലുണ്ടായ കുറവും മൂലമാണ് ടെസ്റ്റുകളുടെ ഫലം വൈകുന്നതിന് കാരണമെന്നറിയുന്നു.