ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴ ലിക്കാറ്റ് ഇന്ന് വൈകിട്ടോടെ കരതൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതേ തുടര്‍ന്ന് തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ പരമാവധി പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
പുതുച്ചേരിയിലെ കാരയ്ക്കാല്‍ മുതല്‍ തമിഴ്‌നാട്ടിലെ മഹാബലിപുരം വരെയുളള 250 കിലോമീറ്റര്‍ കടലോര മേഖയിലാകും കാറ്റ് കര തൊടുക. അതേസമയം കാരയ്ക്കലില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഒ മ്പത് ബോട്ടുകള്‍ ഇതുവരെ കണ്ടെത്താനാകാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടുകളാണ് കാണാതായത്. 23 ബോട്ടുകളാണ് കാരയ്ക്കലില്‍ നിന്നും മത്സ്യബന്ധനത്തിന് പോയത്.
നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ നിരോധനാജ്ഞയും തമിഴ്‌നാട്ടില്‍ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് ഉള്ളത്. മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ 22 സംഘങ്ങള്‍ സേവനത്തിലുണ്ട്.











