തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിന്‍ അന്വേഷിക്കും. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ആക്രമണത്തെ കുറിച്ച് നിരീക്ഷിച്ച് സൈബര്‍സെല്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി പറഞ്ഞു.
ഹൈടെക് സെല്‍, സൈബര്‍ ഡോം, സൈബര്‍ സെല്‍ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അന്വേഷണത്തിന്റെ ഭാഗമാണ്. ഇവരെ അന്വേഷണ ചുമതലുളള ഉദ്യോഗസ്ഥന് തിരഞ്ഞെടുക്കാം. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരില്‍ ഏഷ്യനെറ്റിലെ ആര്‍ അജയഘോഷ്, കെ ജി കമലേഷ്, മനോരമാ ന്യൂസിലെ നിഷാ പുരുഷോത്തമന്‍, ജയ്ഹിന്ദ് ടിവിയിലെ പ്രമീള ഗോവിന്ദന്‍ എന്നിവര്‍ക്കെതിരെ ശക്തമായ സൈബറാക്രമണമാണ് നടക്കുന്നത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ നടപടിയെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യകരമായ സംവാദമാണ് നടക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.