യൂറോപ്പിലും അമേരിക്കയിലും നടക്കുന്ന തട്ടിപ്പുകള്‍ക്ക് സമാനമായി യുഎയിലും ക്രിപ്‌റ്റോകറന്‍സി റാക്കറ്റുകള്‍ സജീവം വന്‍ വാഗ്ദാനങ്ങള്‍ നല്‍കി സാധാരണക്കാരെ വഞ്ചിക്കുന്ന കേസുകള്‍ അടുത്തിടെ വര്‍ദ്ധിച്ചിരുന്നു.
ദുബായ്: ക്രിപ്‌റ്റോ കറന്‍സിയുടെ പേരില്‍ വ്യാജ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ പിഴശിക്ഷയുമായി യുഎഇ. ഓണ്‍ലൈന്‍ പണംതട്ടിപ്പായി കണക്കാക്കിയാകും ഇവര്‍ക്ക്
ശിക്ഷ. കുറഞ്ഞത് അഞ്ചു വര്‍ഷം തടവും ഒരു ദശലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷലഭിക്കും.
യുഇഎ സെന്‍ട്രല്‍ ബാങ്കിന്റെ അംഗീകാരം ഇല്ലാത്ത ക്രിപ്‌റ്റോകറന്‍സി ഇടപാട് പ്രോത്സാഹിപ്പിക്കുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക സൈബര്‍ വിംഗിനെ ചുമതലയേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം യുഎഇയില്‍ നടപ്പിലായ സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള പുതിയ നിയമം അനുസരിച്ചാകും ശിക്ഷ വിധിക്കുക.
നിലവിലുണ്ടായിരുന്ന നിയമപ്രകാരം ക്രിപ്‌റ്റോ കറന്‍സി തടയുകമാത്രമാണ് ചെയ്തിരുന്നത്. ഇതിനുള്ള ശിക്ഷാവിധിയാണ് പുതിയ നിയമം അനുശാസിക്കുന്നത്.
ഓണ്‍ലൈന്‍ മണി ഇടപാടുകള്‍ക്ക് സുരക്ഷയും സുതാര്യതയും കൊണ്ടുവരാനാണ് യുഎഇ ഭരണകൂടത്തിന്റെ ശ്രമം. സാധാരണക്കാര്‍ തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളില്‍പ്പെട്ട് പണം നിക്ഷേപിച്ച് വഞ്ചിതരാകാതിരിക്കാനാണ് കര്‍ശന ശിക്ഷാ നടപടികളുമായി നിയമം പരിഷ്‌കരിച്ചത്.
പെട്ടെന്ന് പണം സമ്പാദിക്കാമെന്ന് കാണിച്ച് നിരവധി വ്യാജ കമ്പനികള്‍ ക്രിപ്‌റ്റോകറന്‍സി ഇടപാടുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവരില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കാനും തട്ടിപ്പുകാര്‍ക്ക് നിയമ നടപടി ഉറപ്പുവരുത്തുവാനും യുഎഇ കര്‍ശന ഓണ്‍ലൈന്‍ നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ആഗോളതലത്തില്‍ ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍ വര്‍ദ്ധിച്ചുവരികയാണ്. ദുബായ് മീഡിയസിറ്റി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്ന ഒരു സ്ഥാപനം ഇത്തരത്തില്‍ തട്ടിപ്പു നടത്തിയതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. യൂറോപ്പിലും അമേരിക്കയിലും ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍ അടുത്തിടെ പിടിക്കപ്പെട്ടിരുന്നു.