കുവൈറ്റ് സിറ്റി: ചിത്രങ്ങളിലൂടെയോ, വീഡിയോയിലൂടെയോ വ്യക്തിഹത്യ നടത്തുന്നവര്‍ക്കെതിരെ പിഴയടക്കം കര്‍ശന നടപടി പ്രഖ്യാപിച്ച് അഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് എത്തിക്‌സ് & സൈബര്‍ക്രൈം വകുപ്പ്. സ്വദേശികള്‍ക്കും, വിദേശികള്‍ക്കും ഒരുപോലെ ഇത് ബാധകമാണെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പൊതു മര്യാദ ലംഘിക്കുന്നതിന് പിടിക്കപ്പെടുന്ന പ്രവാസികളെ നാടു കടത്തുകയും തിരിച്ചു കുവൈറ്റിലേക്ക് എത്താനാകാത്ത വിധം അവരുടെ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.കുറ്റ കൃത്യത്തിന്റെ കാഠിന്യം വിലയിരുത്തിയാകും കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.
സമൂഹ മാധ്യമങ്ങളില്‍ പൊതുമര്യാദ ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ച വ്യക്തികളെ മന്ത്രാലയം നിരീക്ഷിക്കുന്നതായും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്തിടെ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഇതേ കുറ്റകൃത്യം ചൂണ്ടിക്കാട്ടി ലെബനീസ് മാധ്യമ പ്രവര്‍ത്തകയെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നാടുകടത്തിയിരുന്നു. പൊതു ധാര്‍മിക ലംഘിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് കുവൈറ്റ് സ്വദേശി നടപടി നേരിടുകയാണ്. സമൂഹ മാധ്യമങ്ങളില്‍ മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് ഇറാന്‍ സ്വദേശിയെ നാടുകടത്താനും തീരുമാനിച്ചിട്ടുണ്ട് അധികൃതര്‍ വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പൊതുധാര്‍മികത ലംഘിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് കുവൈറ്റി ഫാഷനിസ്റ്റിനെയും ഭര്‍ത്താവിനെയും സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊതു ധാര്‍മിക ലംഘിക്കുന്നവര്‍ക്കെതിരെ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷണം തുടരുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.