തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയ യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, കേരള പോലീസ് ആക്ട് പ്രകാരം സ്ത്രീകളെ മോശമായി ചിത്രീകരിക്കുക, നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതി മുഹമ്മദ് അദീപിനെതിരെ കേസെടുത്തത്.
നവ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഡിഐജി എസ്.സുരേന്ദ്രന് വീട്ടമ്മ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വീട്ടമ്മയെ മോശമായി ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ സന്ദേശമിട്ടെന്നാണ് പരാതി. മുഹമ്മദ് അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂര്‍ സൈബര്‍ സെല്ലിലുമായി നാല് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്താല്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം. ഇത്തരം പരാതികളില്‍ തുടര്‍ നടപടി വേഗത്തിലാക്കാനും ഉന്നതതല നിര്‍ദേശമുണ്ട്.