കൊച്ചി: കളമശ്ശേരി സിപിഎം മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ വന്‍തോതില്‍ സ്വത്തു സമ്പാദനം നടത്തിയെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തി. നാലു വീടുകള്‍ കളമശേരി മേഖലയില്‍ പത്തുവര്‍ഷത്തിനുളളില്‍ സക്കീര്‍ ഹുസൈന്‍ വാങ്ങിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെ തുടര്‍ന്ന് സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടി അംഗത്തിന്റെ തന്നെ പരാതിയില്‍ സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടി കമ്മീഷന്‍ നടത്തിയ കണ്ടെത്തലുകളാണ് നടപടിയിലേക്ക് നയിച്ചത്. എറണാകുളത്തെ മുന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറി കെ.കെ ശിവന്‍ നല്‍കിയ പരാതിയില്‍ സംസ്ഥാനസമിതി അംഗം സി.എം ദിനേശ് മണി ഉള്‍പ്പെടുന്ന മൂന്നംഗ കമ്മിറ്റിയാണ് ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് കളമശ്ശേരി ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കാനും ജില്ലാകമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കാനുമാണ് ജില്ല സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തിലൊരു തീരുമാനം ഇല്ലെന്നായിരുന്നു പാര്‍ട്ടി ജില്ല സെക്രട്ടറി സി. എന്‍ മോഹനന്‍ അന്ന് പ്രതികരിച്ചിരുന്നത്.