ഓഗസ്റ്റ് 1 മുതൽ ദുബായിലേക്കുള്ള എല്ലാ യാത്രക്കാർക്കും യുഎഇ അംഗീകരിച്ച ലാബുകളിൽ നിന്ന് കോവിഡ് -19 നെഗറ്റീവ് പിസിആർ പരിശോധന ഫലം ഉണ്ടായിരിക്കണം. യു. എ. ഇ. നാഷണൽ ക്രൈസിസ് ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റിയും എമിറേറ്റ്സ് എയർലൈൻസും വെള്ളിയാഴ്ച ഇതു സംബന്ധിച്ച് അറിയിപ്പുകൾ പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഐ.സി.എം.ആർ അംഗീകൃത ലാബുകളിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
ദുബായിൽ നിന്ന് കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്നവർക്കും ഇത് ബാധകമാണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്കും യുകെയിലേക്കും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരെയും പിസിആർ പരിശോധന നടത്തണം. മറ്റ് രാജ്യങ്ങളിലേക്കും അതത് വിമാനങ്ങളിൽ കയറുന്നതിന് മുമ്പും പരിശോധന നടത്തണം.യാത്ര പുറപ്പെടുന്നതിനു 96 മണിക്കൂറിനുള്ളിൽ പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനയിൽ നിന്നും 12 വയസ്സിന് താഴെയുള്ള കുട്ടികളെയും കാര്യമായ ശാരീരിക വൈകല്യമുള്ള യാത്രക്കാരെയും ഒഴിവാക്കി . കോവിഡ് -19 കവറേജുള്ള യാത്രാ ഇൻഷുറൻസ് നിർബന്ധമാണെന്നും അല്ലെങ്കിൽ ചികിത്സയ്ക്കും ക്വാറന്റൈനുമുള്ള ചെലവുകൾ യാത്രക്കാർ വഹിക്കണമെന്നും എമിറേറ്റ്സ് കൂട്ടിച്ചേർത്തു.
അബുദാബിയിൽ എത്തിച്ചേരുന്നവർക്ക് ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്ന് അനുമതി ലഭിക്കുന്നതിനോടൊപ്പം കോവിഡ് -19 നെഗറ്റീവ് പി.സി.ആർ പരിശോധന ഫലം ഹാജരാക്കണമെന്നും ഇത്തിഹാദ് എയർവേയ്‌സ് വെള്ളിയാഴ്ച അറിയിപ്പു നൽകി.











