ഡല്‍ഹി: നാല് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം സാധ്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള മുന്‍ഗണന ശാസ്ത്രീയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ സ്വാഭാവികമായ മുന്‍ഗണന നല്‍കും. വാക്‌സിന്‍ എല്ലാവരിലേക്കും എത്തിക്കാന്‍ വിശദമായ ആസൂത്രണം നടത്തി വരുകയാണ്. ഇതിനായി ഒരു ഇ-വാക്‌സിന്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. 2021 നമുക്കെല്ലാവര്‍ക്കും മികച്ച വര്‍ഷമായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകരടക്കമുള്ള കോവിഡ് പോരാളികള്‍ക്ക് ശേഷം 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതിന് മുന്‍ഗണന. പിന്നീട് 50-65 വയസ്സിന് ഇടയില്‍ പ്രായമുള്ളവര്‍ക്കും 50 വയസ്സില്‍ താഴെ പ്രായമുള്ള മറ്റു രോഗങ്ങളാല്‍ ബുദ്ധമുട്ടുന്നവര്‍ക്കും മുന്‍ഗണന നല്‍കും. വിദഗ്ധരുടെ അഭിപ്രായപ്രകാരം ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്കായി ഇപ്പോള്‍ തന്നെ ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും മാസങ്ങളായി പകര്‍ച്ചവ്യാധിയെ ചെറുക്കാന്‍ വളരെ ധീരമായ ചില നടപടികളാണ് കേന്ദ്രം സ്വീകരിച്ചതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഭാരത് ബയോടെക് വികസിപ്പിക്കുന്ന കോവിഡ് വാക്സിനായ കൊവാക്സിന്‍ അവസാനഘട്ട പരീക്ഷണത്തിലേക്ക് കടക്കുകയാണ്. കൊവാക്സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങിയേക്കുമെന്ന് നേരത്തെ ഐ.സി.എം.ആര്‍ ശാസ്ത്രജ്ഞന്‍ പറഞ്ഞതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയിലോ മാര്‍ച്ചിലോ തന്നെ വാക്സിന്‍ പുറത്തിറങ്ങിയേക്കുമെന്നാണ് ഐ.സി.എം.ആര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.