ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗിത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ തള്ളി. ഡ്രഗസ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അനുമതി നിഷേധിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗസ് സ്റ്റാന്‍ഡേഡ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്. കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണം രാജ്യത്ത് പുരോഗമിക്കുന്നതിനിടെയായിരുന്നു നീക്കം.
ഐസിഎംആര്‍ കണക്കനുസരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം നാല് മില്യണ്‍ ഡോസ് പുറത്തിറക്കിയിട്ടുണ്ട്. ഡിസംബറോടെ പത്തു കോടി ഡോസുകള്‍ ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസ്നൈക്കയുമായി ചേര്‍ന്നാണ് കോവിഷീല്‍ഡ് വാക്സിന്‍ പുറത്തിറക്കുന്നത്.
അതേസമയം മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന കോവാക്സിന്‍ രാജ്യത്ത് ഉപയോഗിക്കാനുളള അനുമതി തേടി കഴിഞ്ഞ ദിവസമാണ് ഭാരത് ബയോടെക് ഡിസിജിഐയെ സമീപിച്ചത്. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന്‍ വികസിപ്പിച്ചത്.