കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. ലഭ്യമാവുന്ന ആദ്യ ഡോസുകളില്‍ മുന്‍ഗണന സ്വദേശികള്‍ക്കായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായമായവര്‍, മാറാരോഗികള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെയും മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കില്ല.വാക്‌സിന്‍ എടുക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആരെയും നിര്‍ബന്ധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
10 ലക്ഷം ഡോസ് ഫൈസര്‍ വാക്‌സിന്‍, 10,70,000 ഡോസ് മോഡേണ വാക്‌സിന്‍, 30 ലക്ഷം ഡോസ് ഓക്‌സ്‌ഫോഡ് -ആസ്ട്രസെനിക്ക വാക്‌സിന്‍ എന്നിങ്ങനെ ഇറക്കുമതി ചെയ്യാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ക്ലിനിക്കല്‍ പരിശോധന നടത്തി ആഗോളതലത്തിലും തദ്ദേശീയ വകുപ്പുകളും അംഗീകരിച്ചതിന് ശേഷമേ ഇറക്കുമതി ചെയ്യൂ. രാജ്യത്ത് കോവിഡ് ചികിത്സയും വിദേശികള്‍ക്കും സൗജന്യമായി ലഭിക്കുന്നുണ്ട്. ഡിസംബര്‍ അവസാനം മുതല്‍ കുവൈത്തിലേക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യും. ആദ്യം വാക്‌സിന്‍ സ്വീകരിക്കുക ആരോഗ്യമന്ത്രി ഡോ. ബാസില്‍ അസ്സബാഹാണ്.
ലോകാരോഗ്യ സംഘടനയുമായും വാക്‌സിന്‍ പരീക്ഷണം നടത്തുന്ന വിവിധ കമ്പനികളുമായും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആശയവിനിമയം നടത്തുന്നുണ്ട്. വിതരണത്തിനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു്.
വിവിധ റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ജനസംഖ്യ സംബന്ധിയായ ഏറ്റവും പുതിയ വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയം സിവില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് അതോറിറ്റിയില്‍നിന്ന് ശേഖരിക്കുന്നു. താമസക്കാരുടെ പ്രായം, പൗരത്വം എന്നിവ അടിസ്ഥാനമാക്കി പട്ടിക തയാറാക്കുന്ന നടപടികളാണ് സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുടെ സഹകരണത്തോടെ നടന്നുവരുന്നത്. ആരോഗ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതിക്കാണ് വാക്‌സിന്‍ ഇറക്കുമതി, സംഭരണം, വിതരണം തുടങ്ങിയ നടപടികളുടെ മേല്‍നോട്ട ചുമതല. മൈനസ് 70 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ശീതീകരണ സംവിധാനം ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കും.



















