ഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനായുളള ഡ്രൈ റണ്‍ മറ്റെന്നാള്‍ വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി എട്ടിന് ഡ്രൈ റണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി നാളെ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേരും.
വാക്‌സിന്‍ കുത്തിവെയ്പ്പ് ഒഴികെയുളള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണ്ണില്‍ പരിശോധിക്കും. നാല് ദിവസം മുന്‍പ് എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുത്ത ജില്ലകളില്‍ മാത്രമാണ് ഡ്രൈ റണ്‍ നടത്തിയിരുന്നത്. ഇത് വിജയകരമായിരുന്നുവെന്നും ഇതിലെ ഫലങ്ങള്‍ കൂടി വിലയിരുത്തിയാകും എങ്ങനെ വാക്‌സിന്‍ വിതരണം നടത്തണമെന്ന നടപടി ക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലായം നേരത്തെ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ വിതരണത്തില്‍ പാളിച്ചയുണ്ടോയെന്ന് കണ്ടെത്തുകയാണ് ഡ്രൈ റണ്ണിന്റെ ലക്ഷ്യം.