സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവരുടേയും 45 നു മുകളില്‍ പ്രായമുളള ഗുരുതരരോഗികളുടേയും റജിസ്‌ട്രേഷനും വാക്‌സിനേഷനും ഇന്ന് തുടങ്ങും. ഇഷ്ടമുള്ള കേന്ദ്രങ്ങളും ദിവസവും ഇവര്‍ക്ക് സ്വയം തെരഞ്ഞെടുക്കാം. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം.
9 മണി മുതല്‍ കൊവിന്‍ പോര്‍ട്ടല്‍, ആരോഗ്യസേതു ആപ്പുകള്‍ വഴി പൊതുജനങ്ങള്‍ക്ക് റജിസ്റ്റര്‍ ചെയ്യാം. അക്ഷയ കേന്ദ്രങ്ങളിലെത്തിയും രജിസ്ട്രേഷന്‍ നടത്താം. മൊബൈലില്‍ നിന്നാണെങ്കില്‍ ഒരാള്‍ക്ക് വേവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് 4 പേരെ വീതം രജിസ്റ്റര്‍ ചെയ്യാം. വാക്സീനേഷന്‍ നടക്കും വരെ രേഖകള്‍ എഡിറ്റ് ചെയ്യാനും നീക്കം ചെയ്യാനുമാകും.
രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള നമ്പറില്‍ സന്ദേശവുമെത്തും. ഇതും ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡുമായെത്തിവേണം കുത്തിവെപ്പെടുക്കാന്‍. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുളള തീയതിയും ലഭിക്കും.
45 വയസ് മുതല്‍ 59 വയസ് വരെയുള്ളവരാണെങ്കില്‍ റജിസ്‌ററര്‍ ചെയ്ത ഡോക്ടര്‍ ഒപ്പിട്ട ഗുരുതര അസുഖമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കണം. കോവിഷീല്‍ഡ് വാക്‌സീന്റെ നാലു ലക്ഷം ഡോസാണ് സംസ്ഥാനത്തെത്തിച്ചിരിക്കുന്നത്. 50 ലക്ഷത്തിലേറെപ്പേര്‍ രണ്ടാംഘട്ടത്തില്‍ ഗുണഭോക്താക്കളാകും.