ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ വാക്‌സിനേഷന് മുന്നോടിയായി നാല് സംസ്ഥാനങ്ങളില്‍ അടുത്തയാഴ്ച ഡ്രൈ റണ്‍ നടത്തും. ഡിസംബര്‍ 28, 29 തിയതികളിലായി പഞ്ചാബ്, ഗുജറാത്ത്, ആന്ധ്ര, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍.
വാക്സിന്‍ കുത്തിവെപ്പിനായി കേന്ദ്രം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പോരായ്മകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനാണ് ഇത്. നാല് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലെ അഞ്ച് സ്ഥലങ്ങളിലാണ് ഗ്രൈ റണ്‍ നടത്തുക. വാക്സിന്‍ ശേഖരണം, വാക്സിന്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം, വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ എന്നിവയുടെ ഫലപ്രാപ്തി ഡ്രൈ റണ്ണില്‍ പരിശോധിക്കും.
യഥാര്‍ത്ഥ വാക്സിന്‍ കുത്തിവെക്കുന്നത് ഒഴികെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയിലെ എല്ലാ വ്യവസ്ഥകളും ഡ്രൈ റണ്ണില്‍ പരിശോധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയും യുഎന്‍ഡിപിയും സഹകരിച്ചാണ് വാക്സിന്‍ ഡ്രൈ റണ്‍ നടത്തുന്നത്.