കോവിഡ് നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി സിനിമാ ഹാളുകളില്‍ 100 ശതമാനം സീറ്റുകളിലും ടിക്കറ്റ് നല്‍കും.
ദുബായ് യുഎഇയിലെ സിനിമാ ഹാളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഫെബ്രുവരി പതിനഞ്ച് മുതല്‍ ക്രമാനുഗതമായി ഒഴിവാക്കുമെന്നതിന്റെ സൂചനയായി രാജ്യത്തെ സിനിമാ ഹാളുകള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാന്‍ അധികൃതര്‍ അനുമതി നല്‍കി.
സംസ്‌കാരിക യുവജന മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലാണ് സിനിമാ ഹാളുകളുടെ നിയന്ത്രണം എടുത്തുകളഞ്ഞതായി അറിയിപ്പ് വന്നത്.
ദേശീയ അടിയന്തര ദുരന്ത നിവാരണ സമിതിയുടെ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.
അതാത് എമിറേറ്റുകളിലെ സ്ഥിതിഗതികള്‍ക്കനുസരിച്ച് മാനദണ്ഡങ്ങളില്‍ നടപടികളെടുക്കാമമെന്ന് അറിയിപ്പില്‍ പറയുന്നു.
ഇളവുകള്‍ നല്‍കിയതു പോലെ തന്നെ കോവിഡ് വ്യാപനം കൂടുന്നതു കണ്ടാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്.
കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ ഏജന്‍സികളും വകുപ്പുകളും അക്ഷീണം പ്രയത്‌നിച്ചിരുന്നു. ഒപ്പം പൊതുജനങ്ങളുടെ സഹകരണവും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തുന്നത്.
രാജ്യമെങ്ങും നടത്തിയ അണുവിമുക്ത ക്യാംപെയിനുകളും ഒത്തുചേരലുകള്‍ക്കുള്ള നിയന്ത്രണവും മുഖാവരണം നിര്‍ബന്ധമായും ധരിക്കുന്നതിനുള്ള നിര്‍ദ്ദേശം എന്നിവ കാര്യക്ഷമമായി നടന്നത് രോഗ വ്യാപനം കുറയ്ക്കാന്‍ ഇടയാക്കി.
ഇതിനൊപ്പമാണ് പ്രതിരോധ കുത്തിവെയ്പ്പ് രാജ്യത്തെ കുട്ടികള്‍ മുതലുള്ള പ്രായക്കാര്‍ക്ക് നല്‍കിയത്. ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള കുത്തിവെപ്പാണ് രാജ്യത്തുടനീളം സൗജന്യമായി നല്‍കിയത്.











