പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. കോവിഡ് സ്ഥിരീകരിക്കുന്ന അംഗങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വര്‍ഷകാല സമ്മേളനം വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ തുടങ്ങി മുപ്പതിലധികം എംപിമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. ഒക്ടോബര്‍ ഒന്ന് വരെ തുടര്‍ച്ചയായി 18 ദിവസത്തേക്ക് വര്‍ഷകാല സമ്മേളനം ചേരാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചാണ് സഭ ചേര്‍ന്നിരുന്നത്. എന്നാല്‍ കൂടുതല്‍ എം.പിമാര്‍ക്ക് കൊവിഡ് പിടിപെടുന്ന പശ്ചാത്തലത്തിലാണ് സഭ വെട്ടിച്ചുരുക്കി പിരിയാമെന്ന ചര്‍ച്ചകള്‍ നേതാക്കള്‍ക്കിടയില്‍ സജീവമായത്.
സര്‍ക്കാര്‍ കൊണ്ടുവന്ന പതിനൊന്ന് ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലുകള്‍ അടുത്ത ആഴ്ച സഭയില്‍ പാസാക്കിയാല്‍ സമ്മേളനം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചിക്കുന്നത്. അടുത്തയാഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ തന്നെ ഈ ബില്ലുകള്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം.