ഗള്‍ഫ് മേഖലയില്‍ കോവിഡ് കേസുകള്‍ക്ക് ശമനമില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കുറവ് ഒമാനിലും
റിയാദ് : സൗദി അറേബ്യയില്‍ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,499 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. രോഗമുക്താരായവര്‍ 2,978. ഗുരുതരമായ രോഗലക്ഷണങ്ങളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 8,901 ആയി. നിലവില്‍ 262 പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ കുറവ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഒമാനിലാണ്. വിസ്തൃതിയില്‍ വലിയ രാജ്യമായ ഒമാനില്‍ ജനസാന്ദ്രത കുറവായതും കനത്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തിയതും കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 750 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആയിരത്തില്‍ താഴെയാണ് ഒമാനില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 171 പേര്‍ക്ക് രാഗം ഭേദമായി. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ ഒമാനില്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകള്‍ 3,10,338 ആയി. 3,01,458 പേര്‍ കോവിഡ് മുക്തരായി. മരണ സംഖ്യ 4,119 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ആറു പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി എത്തിയത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം 64 ആയി. ഇവരില്‍ 16 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കുവൈറ്റില്‍ 4,883 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ 4,177, യുഎഇയില്‍ 2683, ബഹറൈനില്‍ 2,289 പേര്‍ക്കും കോവിഡ് സ്ഥിരികരിച്ചു.












