കോവിഡ്-19 വായുവിലൂടെ പകരുമെന്ന് ഗവേഷകരുടെ കണ്ടെത്തല്‍. വായുവില്‍ തങ്ങിനില്‍ക്കുന്ന ദ്രവങ്ങളിലൂടെ കോവിഡ് പകര്‍ന്നേക്കുമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗവേഷക സംഘം അറിയിച്ചു. 30 രാജ്യങ്ങളില്‍ നിന്നുള്ള 239 ഗവേഷകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ കൈ കഴുകിയും സാധാരണ മാസ്ക് ധരിച്ചും മാത്രം കോവിഡിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ഗവേഷക സംഘം വ്യക്തമാക്കി. അടച്ചുപൂട്ടിയ ഇടങ്ങളില്‍ രോഗം അതിവേഗം പടരുന്നത് വായുവിലെ കണങ്ങളിലൂടെയാണ്. ഇക്കാര്യം അംഗീകരിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുകളിൽ മാറ്റം വരുത്തണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ത്യയില്‍ കോവിഡ് വ്യാപന നിരക്ക് കുതിച്ചുയരുകയാണ്. ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ നാലാംസ്ഥാനത്തായിരുന്ന ഇന്ത്യ റഷ്യയെ മറികടന്ന് ഇപ്പോള്‍ മൂന്നാംസ്ഥാനത്ത് എത്തിയിരിക്കുകയാണ്. 24 മണിക്കൂറിനിടെ 24,248 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 6,97,413 ആയി.











