കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. നാളെ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം. ജനുവരിയിലോ ഫെബ്രുവരിയിലോ പുതിയ ഭരണസമിതികള്‍ നിലവില്‍ വരും വിധമുളള തെരഞ്ഞെടുപ്പ് പുനക്രമീകരണത്തെ കുറിച്ചാണ് ആലോചന.
കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നും അങ്ങനെയെങ്കില്‍ മാത്രം കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കാനുളള നീക്കത്തെ പിന്തുണയ്ക്കാമെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഈ നിര്‍ദേശം പരിഗണിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുമുന്നണിയുടെ കൂടി അംഗീകാരത്തോടെ നാളത്തെ സര്‍വ്വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കാനാണ് നീക്കം.