തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ഇന്നു മുതല്‍ വീണ്ടും പോലീസ് പരിശോധന. കോവിഡിന്റെ തീവ്രവ്യാപനം കണക്കിലെടുത്ത് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കും. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഫെബ്രുവരി പത്ത് വരെ പോലീസ് പരിശോധന കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനങ്ങള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനാണ് മുന്‍ഗണന. കൂടാതെ ജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുണ്ടോ, സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ പരിശോധിക്കാന്‍ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും രംഗത്തിറങ്ങും.
വരുന്ന രണ്ടാഴ്ച കൊണ്ട് സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്നും സമ്മേളനങ്ങള്‍, വിവാഹ ചടങ്ങുകള്‍ തുടങ്ങിയവയില്‍ കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെയ്ക്കാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്റെ മുഴുവന്‍ ചുമതല.