ദുബായ് : കോവിഡ് പശ്ചാത്തലത്തില്‍ എമിറേറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുളള കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ തുടരാന്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. ഏപ്രില്‍ പകുതിയോടെ റമദാന്‍ ആരംഭിക്കും. അതുവരെ നിയന്ത്രണങ്ങള്‍ തുടരും. നിലവില്‍ സുരക്ഷാ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിനാല്‍, എമിറേറ്റിലെ കോവിഡ് വ്യാപനം ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടാന്‍ തീരുമാനമായത്.
സിനിമാ ശാലകള്‍, വിനോദകേന്ദ്രങ്ങള്‍, കായിക വേദികള്‍ മുതലായ ഇന്‍ഡോര്‍ കേന്ദ്രങ്ങളില്‍ പരമാവധി ശേഷിയുടെ 50 ശതമാനം പേര്‍ക്ക് മാത്രമാണ് ഫെബ്രുവരി രണ്ട് മുതല്‍ പ്രവേശനം അനുവദിക്കുന്നത്. ഇത്തരം ഇടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കും. ഹോട്ടലുകളുടെ പ്രവര്‍ത്തനം പരമാവധി ശേഷിയുടെ 70 ശതമാനം എന്ന രീതിയില്‍ പുനഃക്രമീകരിക്കേണ്ടതാണ്.
ഹോട്ടലുകളിലെ സ്വകാര്യ ബീച്ചുകള്‍, നീന്തല്‍ കുളങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തന ശേഷി 70 ശതമാനമാക്കി നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. മാളുകളില്‍ പരമാവധി ശേഷിയുടെ 70 ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. റെസ്റ്ററന്റുകള്‍, കഫേകള്‍ മുതലായ ഭക്ഷണശാലകള്‍ കര്‍ശനമായും രാത്രി ഒരു മണിയോടെ അടയ്ക്കേണ്ടതാണ്. പബ്ബുകള്‍, ബാറുകള്‍ എന്നിവ അടച്ചിടും. സമൂഹ അകലം, മാസ്‌കുകളുടെ ഉപയോഗം എന്നിവ കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി എമിറേറ്റിലുടനീളം ശക്തമായ പരിശോധനാ നടപടികള്‍ ഏര്‍പ്പെടുത്തുന്നതാണ്.
സമൂഹത്തിന്റെ ആരോഗ്യപരിരക്ഷ മുന്‍നിര്‍ത്തി മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. നിയമലംഘനം കണ്ടെത്തിയാല്‍ 901 എന്ന സൗജന്യ ഹോട്ട് ലൈന്‍ നമ്പറിലൂടെയും, ദുബായ് പോലീസിന്റെ സ്മാര്‍ട്ട് ആപ്പില്‍ ലഭ്യമാക്കിയിട്ടുള്ള ‘ഐ ഓഫ് ദി പോലീസ്’ സേവനം ഉപയോഗിച്ചും അധികൃതരെ അറിയിക്കാവുന്നതാണ്.