കണ്ണൂര്‍: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഇന്ന് ആശുപത്രി വിടും. വീട്ടിലേക്ക് മടങ്ങുന്ന ജയരാജന്‍ ഒരു മാസത്തെ നിരീക്ഷണത്തില്‍ തുടരും. കോവിഡ് ഭേദമായെങ്കിലും രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാന്‍ സമയം വേണ്ടി വരുമെന്നതിനാല്‍ ഐസൊലേഷന്‍ തുടരണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
കോവിഡിനൊപ്പം കടുത്ത ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 20 നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവും ഉയര്‍ന്നതോടെ നില ഗുതരമായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ആഴ്ചയോടെയാണ് ആരോഗ്യനില ക്രമേണ മെച്ചപ്പെട്ടു തുടങ്ങിയത്. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിദഗ്ധസംഘം ഉള്‍പ്പടെ എത്തി പ്രത്യേക പരിചരണമാണ് ജയരാജന് നല്‍കിയത്.











