തിരുവനന്തപുരം: നിയമമന്ത്രി എ.കെ.ബാലനും കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാറും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച്ച അരമണിക്കൂര്‍ നീണ്ടു.പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രിമാര്‍ പറഞ്ഞു.
ഗവര്‍ണര്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി അവ ചര്‍ച്ചചെയ്യും. ഡിസംബര്‍ 31ന് ചേരേണ്ട നിയമസഭ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
”വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക”. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനായി 23ന് വിളിച്ച് ചേര്‍ക്കാനിരുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് ചൊവാഴ്ച ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. അടിയന്തര പ്രധാന്യമില്ലന്നെ കാരണം പറഞ്ഞായിരുന്നു ഗവര്‍ണര്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് ഇന്നു വീണ്ടും ഗവര്‍ണറുമായി ചര്‍ച്ച നടത്തുകയായിരുന്നു.