തിരുവനന്തപുരം: കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ മൂന്നുപേരെ സസ്‌പെന്റ് ചെയ്തു. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണ, ഹെഡ് നേഴ്‌സുമാരായ ലീന കുഞ്ചന്‍, കെ.വി രജനി എന്നിവരെയാണ് ആരോഗ്യവകുപ്പ് സസ്‌പെന്റ് ചെയ്തത്.
രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയെന്ന് വ്യക്തമായതോടെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട് തുടര്‍ നടപടിക്ക് ശുപാര്‍ശയുമായി ആരോഗ്യമന്ത്രിക്ക് കൈമാറുകയായിരുന്നു. കഴുത്തിന് താഴേക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍ കുമാറിനെയാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകള്‍ പരാതിപ്പെട്ടുവെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നിവീണ് അനില്‍ കുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച ഇയാളെ 22 ന് പുലര്‍ച്ചെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ശരീരത്തിന് തളര്‍ച്ച ബാധിച്ച അനില്‍ കുമാറിന് സെപ്റ്റംബര്‍ ആറിനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേ തുടര്‍ന്ന് കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റൈനില്‍ പോകാനും നിര്‍ദേശിച്ചു. 26 ന് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടിലെത്തച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്.