തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കനക്കുന്ന സാഹചര്യത്തിലാണ് ഇത്.
സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണുള്ളതെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയതുപോലെ കോവിഡ് വൈറസിന്റെ ജനിതക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റാരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടുവരുന്നുണ്ടെന്നും ഇവരെ ചികിത്സിക്കാന്‍ സംസ്ഥാനത്ത് പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് മരണ നിരക്ക് കുറക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പറഞ്ഞ മന്ത്രി, രോഗികളുടെ എണ്ണം കൂടിയിട്ടും കേരളത്തിലെ ഇപ്പോഴത്തെ മരണനിരക്ക് 0.4 ശതമാനം മാത്രമാണെന്നും ചൂണ്ടിക്കാട്ടി.
ആശുപത്രികളില്‍ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ എവിടെയും ഓക്‌സിജന് ക്ഷാമമില്ലെന്നും അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താല്‍ക്കാലികമായി നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.











