തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും കോവിഡ് വ്യാപനം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ആരോഗ്യ വകുപ്പ്. ജനുവരി പകുതിയോടെ കോവിഡ് കണക്ക് ഒന്‍പതിനായിരം വരെയാകാണെന്നാണ് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്, ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നത് തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം പതിനഞ്ചാം തിയതിയോടെ ഉയരാം. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം തൊണ്ണൂറായിരം വരെയാകാം. മരണനിരക്കും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ സെക്രട്ടറി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ 494 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഔദ്യോഗിക കണക്കനുസരിച്ചു 3,141 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. വീടുകളില്‍ കഴിയുന്ന പ്രായാധിക്യമുളളവര്‍ക്കും അസുഖ ബാധിതര്‍ക്കും രോഗം ബാധിക്കാനുളള സാധ്യതയും കൂടുകയാണ്. ഈ സാഹചര്യത്തില്‍ ആന്റിജന്‍ പരിശോധന കൂട്ടാനും നിര്‍ദേശമുണ്ട്. ആന്റിബോഡി പരിശോധന നടത്തി എത്ര ശതമാനം പേര്‍ക്ക് രോഗം ബാധിച്ചുവെന്ന് കണ്ടെത്താനുളള പഠനവും ഉടന്‍ തുടങ്ങും.