വാഷിംഗ്ടണ്‍: ശരീരത്തിലെത്തുന്ന കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കന്‍ ഗവേഷകരുടെ പഠനം. യേല്‍ ഇമ്മ്യൂണോളജിസ്റ്റായ അകികോ ഇവാസാക്കിയുടെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കോവിഡ് രോഗികള്‍ അനുഭവിക്കുന്ന രൂക്ഷമായ തലവേദന, ആശയകുഴപ്പം, വ്യാകുലത എന്നിവ ഇതിന്റെ ഭാഗമാണെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്.
തലച്ചോറിലെത്തുന്ന വൈറസിന് കോശങ്ങളിലെത്തുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇവാസാക്കിയുടെ പഠനം ഒരു പ്രാഥമിക നിരീക്ഷണം മാത്രമാണെന്നും ആഗോള അംഗീകാരം കിട്ടിയിട്ടില്ലെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമോ എന്നത് വളരെ പ്രാധാന്യമുള്ള വിഷയമാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാല ന്യൂറോളജി വിഭാഗം മേധാവി ആന്‍ഡ്രൂസ് ജോസ്ഫ്‌സണ്‍ പറഞ്ഞു.
കോവിഡ് തീവ്രതയാര്‍ജിച്ചാല്‍ തലച്ചോറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കോവിഡ് മൂര്‍ച്ഛിച്ച രോഗികളില്‍ പക്ഷാഘാതം, വീക്കം, ഡിമെന്‍ഷ്യ, സൈക്കോസിസ് എന്നീ അസുഖങ്ങള്‍ ഉണ്ടാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. ലാന്‍സെന്റ് ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.