റിയാദ് : കോവിഡ് രോഗമുക്‌തി വര്‍ധിച്ചു വരുന്ന സൗദിയില്‍ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1372 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 28 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ആഴ്ചകള്‍ക്ക് ശേഷം ആദ്യമായാണ് മരണസംഖ്യ മുപ്പതിന് താഴെയെത്തുന്നത്. ഇതോടെ ആകെ മരണം 3436 ആയി. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 299914 ആണെങ്കിലും ഇപ്പോള്‍ ചികിത്സയിലുള്ളത് 28093 പേര്‍ മാത്രമാണ്. ഇതില്‍ 1758 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.
തിങ്കളാഴ്ച 1432 പേര്‍ക്ക് കൂടി രോഗമുക്തിയായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 268385 ആയതായും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലിയെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെയായി 43 ലക്ഷം പി സി ആര്‍ ടെസ്റ്റുകള്‍ നടത്തിയതില്‍ 55613 ടെസ്റ്റുകള്‍ ആണ് 24 മണിക്കൂറിനുള്ളില്‍ നടന്നത്. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്കും ഇപ്പോള്‍ കൊവിഡ് ടെസ്റ്റ് നടത്താവുന്നതാണ്. രക്തദാനം വ്യാപകമാക്കുന്നതിനും പുതിയ തലമുറയെ ഇതിന് പ്രേരിപ്പിക്കുന്നതിനുമായി രാജ്യത്ത് മൊബൈല്‍ രക്തദാന യൂണിറ്റുകള്‍ തിങ്കളാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ഉദ്‌ഘാടനം ചെയ്തു. പ്രാരംഭ ഘട്ടത്തില്‍ വിവിധ ആരോഗ്യ മേഖലകളിലായി 10 മൊബൈല്‍ ബ്ലഡ് ബാങ്കുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. താമസിയാതെ എല്ലാ സജ്ജീകരണങ്ങളുമുള്ള 14 എണ്ണം കൂടി ഇറക്കുമതി ചെയ്യുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.












