സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് എന്ന എഴുപതുകാരനാണ് മരിച്ചത്. ഇയാള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
ചാലിങ്കാല്‍ എണ്ണപ്പാറ സ്വദേശി പളളിപ്പുഴ ഷംസുദ്ദീന്‍ (52)ആണ് മരിച്ച മറ്റൊരാള്‍. പരിയാരം മെഡിക്കല്‍ കോളേജില്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ജൂലായ് 31ന് മരണമടഞ്ഞ തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ക്ലീറ്റസ് (68), ആഗസ്റ്റ് ഒന്നിന് മരണമടഞ്ഞ ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ (52) എന്നിവര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 86 ആയി.
ഇന്നലെ 962 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 26873 ആയി ഉയര്‍ന്നു. 11,484 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. 15,282പേര്‍ രോഗമുക്തി നേടി.












