വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് രാജ്യം ആദരം അര്‍പ്പിച്ചു. വൈറ്റ് ഹൗസില്‍ മെഴുകുതിരി കത്തിച്ച് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും ദുഃഖാചരണത്തില്‍ പങ്കുചേര്‍ന്നു. വൈറ്റ് ഹൗസിലെ പതാക അഞ്ച് ദിവസത്തേക്ക് പകുതി താഴ്ത്തി.
ഒരു രാജ്യമെന്ന നിലയില്‍ ഇത്തരമൊരു ക്രൂരവിധി അംഗീകരിക്കാനാവില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. രണ്ടു ലോക മഹായുദ്ധങ്ങളിലും വിയറ്റ്‌നാം യുദ്ധത്തിലും മരിച്ച ആകെ ആളുകളെക്കാള്‍ കൂടുതലാണ് കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട അമേരിക്കക്കാരുടെ എണ്ണം. ഈ ദുഃഖത്തിന്റെ മരവിപ്പിനെ ചെറുത്തേപറ്റു. നമ്മള്‍ക്കു നഷ്ടപ്പെട്ടവരെയെല്ലാം ഓര്‍ക്കാന്‍ എല്ലാ അമേരിക്കക്കാരോടും ആവശ്യപ്പെടുന്നുവെന്നും ബൈഡന്‍ പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഫെബ്രുവരി അവസാനത്തോടെ യുഎസില്‍ കോവിഡ് മരണം 500,000 ലെത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു. വാക്‌സീന്‍ വിതരണം തുടങ്ങിയതും മഞ്ഞുകാലത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് ആശ്വാസമായിരുന്നുവെങ്കിലും മരണസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇത്തരമൊരു സാഹചര്യം കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ അമേരിക്ക അഭിമുഖികരിച്ചിട്ടില്ലെന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഡോക്ടര്‍ ആന്റണി ഫൗസി പ്രതികരിച്ചു. എല്ലാവരും മാസ്‌ക് ധരിക്കുകയും സാമൂഹ്യ അകലവും പാലിക്കുകയും ചെയ്യണമെന്നും ഡോക്ടര്‍ ഫൗസി ആഹ്വാനം ചെയ്തു.