റിയാദ്: കോവിഡ് രോഗികള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ പ്രതിരോധ നടപടികള്‍ ശക്തമാക്കി സൗദി. പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തുന്ന സ്ഥാപവങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വകാര്യ മേഖലയിലെ സ്ഥാപനത്തിലെത്തുന്ന ഉപഭോക്താക്കള്‍ മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക പോലുള്ള ചട്ട ലംഘനം നടത്തിയാല്‍ സ്ഥാപനത്തിന് മേലും പിഴ ചുമത്തും.
വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനത്തിനും ജീവനക്കാര്‍ക്കും ആദ്യ തവണ പതിനായിരം റിയാലും രണ്ടാം തവണ ഇരുപതിനായിരം റിയാലുമാണ് പിഴ ചുമത്തുക. മൂന്നാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാക്കുകയും ജീവനക്കാരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും. കൂടാതെ ചട്ട ലംഘനം നടത്തിയ സ്ഥാപനം ആദ്യതവണ മൂന്ന് മാസത്തേക്കും രണ്ടാം തവണ ആറ് മാസത്തേക്കും അടച്ച് പൂട്ടുമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
അതേസമയം കൂടുതല്‍ മേഖലകളില്‍ തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കി അധികൃതര്‍ ഉത്തരവിറക്കി. കഴിഞ്ഞ ദിവസം കിഴക്കന്‍ പ്രവിശ്യയിലും റിയാദിലും തവക്കല്‍നാ ആപ്പ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പിന്നാലെ തബൂക്കിലും അസീറിലും തവക്കല്‍നാ മൊബൈല്‍ ആപ്പ് നിര്‍ബന്ധമാക്കിയതായി അധികൃതര്‍ അറിയിച്ചു. ഇവിടങ്ങളില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ആപ്പ് മൊബൈലില്‍ ആക്ടിവേറ്റ് ചെയ്തിരിക്കണമെന്നാണ് വ്യവസ്ഥ.











