റിയാദ്: രാജ്യത്തെ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞതില്‍ ആശ്വാസവും ആത്സവിശ്വാസവും പ്രകടിപ്പിച്ച് സൗദി ആരോഗ്യ മന്ത്രാലയം. വാക്സിനേഷന്‍ ആരംഭിച്ചതോടെ ഈ വര്‍ഷം പകുതിക്കു മുന്‍പ് കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. നൂറിനും താഴെയാണ് ഇപ്പോള്‍ കേസുകള്‍.
ഒമ്പത് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന കോവിഡ് റിപ്പോര്‍ട്ട് കൂടി പുറത്ത് വന്നത് ഈ സന്തോഷം ഇരട്ടിയായി. പ്രതിദിന മരണ നിരക്കും ഏറ്റവും കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജനിതകമാറ്റം സംഭവിച്ച കോവിഡ് ഭീതിയെ തുടര്‍ന്ന് അടച്ചിട്ട അതിര്‍ത്തികള്‍ തുറക്കുന്നു എന്ന വാര്‍ത്തയും സ്വദേശി-വിദേശി പൗരന്മാര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.
അയല്‍ രാജ്യങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ മുതല്‍ തന്നെ സൗദിയിലും നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങിയരുന്നു. ഇതുവരെ ഒരു കോടി പതിനൊന്ന് ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയിട്ടും, മൂന്നു ശതമാനത്തിലധികം പേരില്‍ മാത്രമാണ് രോഗം കണ്ടെത്താനയത്. രോഗം ബാധിച്ചവരില്‍ തന്നെ 97.63 ശതമാനം പേരും സുഖം പ്രാപിച്ചു.