തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവൃത്തി ദിവസങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് അസോസിയേഷന്‍. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കാന്റീന്‍ തെരഞ്ഞെടുപ്പിന് ശേഷമാണ് സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപിച്ചതെന്നാണ് പ്രതിപക്ഷ സംഘടനയുടെ ആരോപണം.
55 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ധനവകുപ്പിലെ ഡവലപ്‌മെന്റ് ഹാള്‍, ഹൗസിങ് സഹകരണ സംഘം എന്നി കേന്ദ്രങ്ങള്‍ അടച്ചു. നിയമ വകുപ്പിലെയും പൊതുഭരണ വകുപ്പിലെയും ജീവനക്കാരിലാണ് കൂടുതലായി കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനകള്‍ കൂട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ട്.
സന്ദര്‍ശകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കൊറോണ പടരുന്നത് തടയാനാകുന്നില്ല. സെക്രട്ടറിയേറ്റില്‍ പൊതുജനങ്ങളെയും മാധ്യമ പ്രവര്‍ത്തകരെയും അകറ്റി നിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു മാസമായി മൂന്ന് ഗേറ്റുകളും അടച്ചിട്ടിരിക്കുകയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥരുടെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമെ സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കാനാകൂ.











