ജിഷ ബാലന്‍
കോവിഡ് എന്ന മഹാമാരിയെ തുരത്താന്‍ രാപ്പകലില്ലാതെ പ്രയത്‌നിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. രോഗികളുടെ ഉറവിടം തേടുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്ത് വൈറസിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ നിരീക്ഷണത്തിലാകുന്ന അവസ്ഥയാണിപ്പോള്‍. രോഗവ്യാപനം ആരോഗ്യവകുപ്പിലേക്കും എത്തിയിരിക്കുന്നു… സംസ്ഥാനത്ത് ഇന്നലെ വരെ 435 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 221 പേര്‍ ഡോക്ടര്‍മാരും നഴ്‌സുമാരുമാണ്. ഹെല്‍ത്ത് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ മുഖ്യമന്ത്രിയുടെ അവലോകന യോഗത്തില്‍ പുറത്തുവിട്ട കണക്കാണിത്. ആശുപത്രി ജീവനക്കാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ വോളണ്ടിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പോലീസ് തുടങ്ങിയവരും കോവിഡ് ബാധിതരുടെ പട്ടികയില്‍ പെടുന്നു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് ചികിത്സാ സംവിധാനത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്. കോവിഡ് പോസിറ്റീവായവരുടെ സമ്പര്‍ക്ക പട്ടികയില്‍ പെടുന്ന മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലേക്ക് പോകേണ്ട അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ താറുമാറാകുന്നു. മറ്റ് അസുഖങ്ങളുമായി വരുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരുന്നു.
കോവിഡ് ആശുപത്രികള്‍ അല്ലാത്ത ചികിത്സാ കേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും കോവിഡ് രോഗികളായി മാറുകയാണ്. ഇവരുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. പലര്‍ക്കും രോഗലക്ഷണങ്ങള്‍ പോലും കാണിക്കുന്നില്ല എന്നത് ആശങ്ക കൂട്ടുകയാണ്. ഇത് മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്ന രോഗികളെ കൂടി ബാധിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. 20ഓളം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 100 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 200 ഓളം പേര്‍ നിരീക്ഷണത്തിലുമാണ്. ഈ സാഹചര്യം, മെഡിക്കല്‍ കോളേജിലെ തല മുതല്‍ കാല്‍ വരെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സേവനങ്ങളെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്ന് ദിവസേന പതിനായിരത്തിലധികം ആളുകളാണ് ചികിത്സ തേടിയെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പലര്‍ക്കും ചികിത്സ നിഷേധിക്കേണ്ട അവസ്ഥയാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവരെ മാത്രമാണ് മെഡിക്കല്‍ കോളേജ് പരിഗണിക്കുന്നത്.
ജനറല്‍ വാര്‍ഡിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം. സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും അത്യാവശ്യക്കാര്‍ക്ക് മാത്രം കൂട്ടിരിപ്പുകാര്‍ എന്ന സ്ഥിതിയിലാക്കിയിട്ടുണ്ട്.
പരിയാരം മെഡിക്കല്‍ കോളേജ്
ഉത്തര മലബാര്‍ മേഖലയിലെ ആരോഗ്യമേഖലയെ പ്രതിസന്ധിയിലാകുന്ന തരത്തിലാണ് പരിയാരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ കോവിഡ് വ്യാപനം. ജില്ലയില്‍ 60 ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭൂരിഭാഗവും കോവിഡ് ക്ലസ്റ്ററായ മെഡിക്കല്‍ കോളേജിലുള്ളവരാണ്. ആസ്റ്റര്‍ മിംസ്, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും കോവിഡ് ബാധയേറ്റവരില്‍ ഉള്‍പ്പെടുന്നു.
അഞ്ഞൂറോളം ഡോക്ടര്‍മാരും 523 നഴ്‌സുമാരടക്കം 1500 ഓളം ആരോഗ്യപ്രവര്‍ത്തകരുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 250 ഓളം പേര്‍ ക്വാറന്റൈനിലാണ്. ദിവസേന ആയിരത്തിലധികം രോഗികള്‍ വന്നിരുന്ന ഒപി വിഭാഗത്തില്‍ വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തുന്നത്. നിലവില്‍ 250 രോഗികള്‍ മാത്രമാണ് മെഡിക്കല്‍ കോളേജില്‍ കിടക്കുന്നത്. ഇവരില്‍ 120 പേര്‍ കോവിഡ് രോഗികളാണ്.
കോട്ടയം മെഡിക്കല്‍ കോളേജ്
രോഗികളില്‍ നിന്ന് ഡോക്ടര്‍മാര്‍ക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയാണ് കോട്ടയം മെഡിക്കല്‍ കോളേജിലുള്ളത്. കഴിഞ്ഞ ദിവസം രണ്ട് പിജി ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗൈനക്കോളജി വാര്‍ഡിലെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കോവിഡ് ബാധിച്ച ഗര്‍ഭിണികളില്‍ നിന്നാകാം ഡോക്ടര്‍മാര്‍ക്ക് രോഗബാധയേറ്റതെന്ന് കരുതുന്നു. കൃത്യമായ ഉറവിടം വ്യക്തമല്ലെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 55 ഓളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.