ഡല്‍ഹി: കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് നടത്തും. കോവിഡ് രോഗബാധ രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തും.
കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. അടുത്തിടെ നീതി ആയോഗുമായി നടത്തിയ ചര്‍ച്ചയില്‍ കോവിഡ് വാക്‌സിന്റെ വിലനിര്‍ണ്ണയം, അടിയന്തര അനുമതി നല്‍കല്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരുന്ന വാക്‌സിനുകള്‍ക്ക് 95 ശതമാനം ഫലപ്രാപ്തിയുണ്ടെന്നാണ് വ്യക്തമായിരിക്കുന്നത്.