തിരുവനന്തപരം: തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വാര്‍ഡുകള്‍ ക്രിട്ടിക്കല്‍-ബഫര്‍ കോണുകളാക്കി തിരിച്ച് ജില്ലാ ഭരണകൂടം. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി വാര്‍ഡുകള്‍ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായും വള്ളക്കടവ്, ബീമാപ്പള്ളി, ബീമാപ്പള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാര്‍ഡുകള്‍ ബഫര്‍ സോണുകളായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.
കോവിഡ് വ്യാപന തോത് ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ സോണുകളില്‍ പാല്‍, പലചരക്ക്, റേഷന്‍ കടകകള്‍ എന്നിവയ്ക്ക് രാവിലെ 7 മുതല്‍ 11 മണിവരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. 11 മണിമുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വിതരണക്കാരില്‍ നിന്ന് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യാവുന്നതാണ്.
അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ സൗജന്യ അരി തൊട്ടടുത്തുള്ള റേഷന്‍ കടകള്‍ വഴി ലഭ്യമാകും. പൂജ്യം മുതല്‍ മൂന്ന് വരെ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ക്ക് ഇന്ന് റേഷന്‍ ലഭ്യമാകും. നാല് മുതല്‍ ആറ് വരെ നമ്പറുകളില്‍ അവസാനിക്കുന്ന കാര്‍ഡുകാര്‍ ജൂലൈ 10നും എഴ് മുതല്‍ ഒന്‍പത് വരെയുള്ളവര്‍ ജൂലൈ 11നും റേഷന്‍ വാങ്ങാന്‍ എത്തണം എന്നാണ് നിര്‍ദേശം.
മെഡിക്കല്‍-ഭക്ഷ്യ ആവശ്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാന്‍ പാടില്ല. പ്രദേശത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നില്ല എന്നുറപ്പാക്കാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവരും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്.