തിരുവനന്തപുരം: ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനം താല്‍ക്കാലികമായി അടച്ചു.
മൂന്ന് ദിവസത്തേക്കാണ് ആസ്ഥാനം അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രോഗം വ്യാപിക്കുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിരുന്നു.
അതേസമയം തിരുവനന്തപുരം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ജില്ലയില്‍ പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്‍റ് സോണാക്കി മാറ്റിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച 339 ല്‍ 301 പേര്‍ക്കും സമ്പര്‍ക്ക വ്യാപനത്തിലൂടെയാണ് രോഗം പകര്‍ന്നത്.