രാജ്യാന്തര വിമാനസര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്
അബുദാബി : ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ രണ്ട് വര്‍ഷത്തിനു ശേഷം സാധാരണ നിലയിലേക്ക്. മാര്‍ച്ച് 28 മുതല്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീങ്ങുമ്പോള്‍ പ്രവാസികള്‍ ആഹ്‌ളാദത്തിലാണ്.
കഴിഞ്ഞ രണ്ടു വര്‍ഷമായി സ്വദേശത്തേക്ക് പോകാതെ തൊഴിലിടങ്ങളില്‍ കഴിഞ്ഞ ബഹുഭൂരിപക്ഷം പേരും യാത്രയ്ക്കുള്ള തയ്യാറെടുപ്പുകളിലാണ്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 നാണ് ഇന്ത്യ രാജ്യാന്തര വിമാ ന സര്‍വ്വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതിനു ശേഷം ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ എയര്‍ ബബ്ള്‍ സംവിധാനത്തിലൂടെ വിമാന സര്‍വ്വീസുകള്‍ നടത്തി വരികയായിരുന്നു.
ഷെഡ്യൂള്‍ പ്രകാരമുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ തങ്ങള്‍ക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാനാകുമെന്ന സന്തോഷത്തിലാണ് പ്രവാസികള്‍.
പുതിയ സര്‍ക്കുലര്‍ പ്രകാരം നിലവിലുള്ള നിരവധി കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ഉണ്ട്. വിമാന സര്‍വ്വീസുകള്‍ നടത്തുമ്പോള്‍ മൂന്നു സീറ്റുകള്‍ മെഡിക്കല്‍ എമര്‍ജന്‍സിക്ക് ഒഴിച്ചിടണമെന്നതും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് പിപിഇ കിറ്റ് വേണമെന്നതും ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, മുഖാവരണം വേണമെന്ന നിബന്ധന ഒഴിവാക്കിയിട്ടില്ല. വിമാനത്താവളങ്ങളിലും വിമാനങ്ങളിലും സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുദ്ധമാക്കുന്നതും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
വിമാനങ്ങളില്‍ പിപിഇ കിറ്റുകളും, സാനിറ്റൈസറുകളും, എന്‍ 95 മാസ്‌കുകളും സൂക്ഷിക്കണമെന്ന നിബന്ധനയുണ്ട്. ശ്വാസതടസ്സം പോലുള്ള പ്രശ്‌നങ്ങള്‍ യാത്രക്കാര്‍ക്ക് ഉണ്ടഹായാല്‍ നേരിടാനുള്ള സൗകര്യങ്ങളും വിമാനങ്ങളില്‍ ഉണ്ടാകണം.