കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. 6.9 ലക്ഷത്തിലേറെ കേസുകളാണു രാജ്യത്തു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റഷ്യയെ മറികടന്ന ഇന്ത്യ, യുഎസിനും ബ്രസീലിനും പിന്നിലായി മൂന്നാമതെത്തിയത് ആശങ്കയോടെയാണ് ആരോഗ്യപ്രവർത്തകർ വിലയിരുത്തുന്നത്. യുഎസിൽ 28 ലക്ഷത്തിലേറെയും ബ്രസീലിൽ 16 ലക്ഷത്തിലേറെയും കോവിഡ് കേസുകളാണുള്ളത്. ഇന്ത്യയുടെ തൊട്ടുപിന്നിലുള്ള റഷ്യയിലാകട്ടെ 6.8 ലക്ഷത്തിലേറെ കേസുകളാണുള്ളത്.
ആരോഗ്യ മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 24,248 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 6,97,413 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 425 പേർ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 19,693 ആയി. നിലവിൽ 2,53,287 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,24,433 പേർ രോഗമുക്തരായി. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 2,06,619 കേസുകളും 8,822 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ആകെ കേസുകൾ 1,11,151 ആയി. മരണസംഖ്യ 1,510 ആയി. 99,444 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ഡൽഹിയാണ് മൂന്നാം സ്ഥാനത്ത്. സംസ്ഥാനത്ത് ആകെ 3,067 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.