ഗള്‍ഫ് ഇന്ത്യന്‍സ്.കോം
കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതി വരുന്ന ദിവസങ്ങളില്‍ നിശ്ചയിക്കുന്നതില്‍ കോടതികളുടെ പരിഗണനയിലിരിക്കുന്ന രണ്ടു കേസ്സുകള്‍ നിര്‍ണ്ണായകമാകുന്നു. അടുത്ത ആഴ്ചയോടെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുമെന്ന് കരുതപ്പെടുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സില്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയിലും എസ്എന്‍സി ലാവ്‌ലിന്‍ കേസ്സില്‍ സുപ്രീംകോടതിയുടെ പരിഗണനയിലും ഉള്ള കേസ്സുകളാണ് രാഷ്ട്രീയമായി നിര്‍ണ്ണായകമാവുക. സ്വര്‍ണ്ണകടത്തു കേസ്സിലെ ആറു പ്രതികളുടെ ജാമ്യാപക്ഷേയിന്മേല്‍ വാദം പൂര്‍ത്തിയാക്കി ഒക്ടോബര്‍ 13-ന് പ്രത്യേക കോടതി വിധി പറയുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ലാവ്‌ലിന്‍ കേസ്സ് ഒക്ടോബര്‍ 16-നാണ് സുപ്രീം കോടതി പരിഗണിക്കുക.
എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടയില്‍ പ്രതികളുടെ പേരില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം അഥവ യുഎപിഎ ചുമത്തുന്നതിനുള്ള എന്തു തെളിവുകളാണ് ഉള്ളതെന്ന് കോടതി മൂന്നു പ്രാവശ്യം ആരായുകയുണ്ടായി. ഈ വിഷയത്തില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച തെളിവുകളും വാദമുഖങ്ങളും കോടതിക്ക് സ്വീകാര്യമല്ലെങ്കില്‍ യുഎപിഎ നിയമം ചുമത്തിയ നടപടി റദ്ദു ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വര്‍ണ്ണം കടത്തുന്നവരും, പലിശക്ക് പണം കൊടുക്കുന്നവരുമായ കേസ്സിലെ പ്രതികള്‍ക്ക് ഭീകരപ്രവര്‍ത്തനവുമായി എന്തു ബന്ധമെന്നാണ് കോടതി ആരായുന്നത്?
1993-ല്‍ മുംബെയില്‍ സ്‌ഫോടന പരമ്പര ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും കൂട്ടരും സ്വര്ണ്ണക്കടത്തിലേര്പ്പെട്ടി
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണങ്ങളിലും സാധാരണ കള്ളക്കടത്തു കേസ്സുകളില്‍ സംഭവിക്കുന്ന കുറ്റകൃത്യങ്ങളല്ലാതെ നാടകീയമായ കണ്ടെത്തലുകള്‍ ഒന്നും ഇതുവരെയുണ്ടായിട്ടില്ല. സംഭവം നടന്ന് മൂന്നു മാസം കഴിഞ്ഞിട്ടും കസ്റ്റംസിന് കുറ്റപത്രം സമര്‍പ്പിക്കാന്‍ ആയിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ഭാഗിക കുറ്റപത്രം അനസരിച്ച് കള്ളപ്പണം തടയുന്നതിനുള്ള പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് നിയമത്തിലെ (പിഎംഎല്‍എ) 3-ാം വകുപ്പനുസരിച്ചുള്ള കുറ്റമാണ് സ്വപ്‌ന സുരേഷിന്റെ പേരില്‍ ചാര്‍ത്തിയിട്ടുള്ളത്. തെളിയിക്കപ്പെട്ടാല്‍ പരമാവധി മൂന്നു മുതല്‍ ഏഴു വര്‍ഷം വരെയുള്ള ശിക്ഷയാണ് ഈ വകുപ്പനുസരിച്ച് ലഭിക്കുക. യുഎപിഎ കേസ്സില്‍ എന്‍ഐഎ കോടതി വിധി നിര്‍ണ്ണായകമാവുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും അനുകൂലമല്ലാത്ത പരാമര്‍ശമുണ്ടാവുന്ന പക്ഷം സംസ്ഥാന സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് നീതീകരണം ലഭിക്കുവാന്‍ പ്രതിപക്ഷത്തിന് ഏറെ പണിപ്പെടേണ്ടി വരും.
ലാവ്‌ലിന്‍ കേസ്സ് വ്യാഴാഴ്ച പരിഗണനയില്‍ എടുത്ത സുപ്രീംകോടതി അന്വേഷണ ഏജന്‍സിയായ
സിബിഐ-യോടു ശക്തമായ വാദമുഖങ്ങള്‍ ഉന്നയിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മപ്പെടുത്തി. രണ്ടു കോടതികള്‍ ഇതിനകം തന്നെ വെറുതെ വിട്ട കേസ്സായതിനാലാണ് ശക്തമായ വാദങ്ങള്‍ വേണ്ടി വരുമെന്നു കോടതി ഓര്‍മപ്പെടുത്തിയത്. ഒക്ടോബര്‍ 16-ാം തീയതി കേസ്സിന്റെ വാദം വീണ്ടും കേള്‍ക്കും.
വെറുതെ വിട്ട രണ്ടു കോടതിവിധികളെ ഖണ്ഡിക്കാന്‍ പ്രാപ്തമായ ശക്തമായ കാരണങ്ങള്‍ സിബിഐയ്ക്ക് ബോധിപ്പിക്കാനായില്ലെങ്കില്‍ ലാവ്‌ലിന്‍ കേസ്സിലും പ്രതിപക്ഷത്തിന് വലിയ പ്രതീക്ഷ പുലര്‍ത്താനാവില്ല. ഏതായാലും കോടതി മുറികളില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കാവും രാഷ്ട്രീയ കേരളം അടുത്തയാഴ്ച്ച കാതോര്‍ക്കുക.