തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഇടതു എംഎല്‍എമാര്‍ പ്രതികളായ നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തള്ളി. കേസ് തുടരുമെന്നും, പൊതുമുതല്‍ നശിപ്പിക്കപ്പെട്ട കേസ് എഴുതി തള്ളാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരുള്‍പ്പെടെ ആറുപേരാണ് കേസിലെ പ്രതികള്‍. കയ്യാങ്കളിയിലും സംഘര്‍ഷത്തിലും സഭയില്‍ ഒട്ടേറെ നാശനഷ്ടമുണ്ടായി എന്ന് കോടതി അഭിപ്രായപ്പെട്ടു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ലെന്നും, അതിനാല്‍ കേസ് പിന്‍വലിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. കേസ് അടുത്ത മാസം 15 ന് കോടതി വീണ്ടും പരിഗണിക്കും.

















