ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്റെ അപേക്ഷ പരിഗണിച്ചത്.
കെടി റമീസ് അടക്കം ആറ് പേരെയാണ് ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന് കെ ടി റമീസ്, മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകന്‍ കെടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോണ്‍ രേഖകള്‍ അടക്കം പുറത്ത് വന്നിരുന്നു. റെമീസിന്റെ ഫോണ്‍ നമ്പര്‍ അനൂപ് മുഹമ്മദിന്റെ ഫോണില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അന്വേഷണം. അനൂപ് മുഹമ്മദ് അടക്കമുള്ളവര്‍ സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്നും കസ്റ്റംസ് അന്വേഷിക്കും.