മാനവരാശിക്കാകെ പ്രതിസന്ധി തീർത്ത ഒരു പകർച്ച വ്യാധിയുടെ കാലത്ത് അഴിമതിയ്ക്കുള്ള പുതിയ ഒരു സാധ്യതയായി കോവിഡിനെ ഉപയോഗിക്കാനാണ് കൊച്ചി കപ്പൽശാലാ അധികൃതരുടെ ശ്രമം. കപ്പൽശാലയിൽ കോവിഡ് സാഹചര്യത്തെ മറയാക്കി വൻഅഴിമതിയും തൊഴിലാളിചൂഷണവുമാണ് നടന്നു വരുന്നത്. ലോക്ക് ഡൗണിന് ശേഷം കൊച്ചി കപ്പൽശാല പ്രവർത്തനമാരംഭിക്കുമ്പോൾത്തന്നെ തൊഴിലാളികളെ അശാസ്ത്രീയമായി രണ്ടു ഷിഫ്റ്റുകളിലാക്കി ഷിഫ്റ്റ് സമ്പ്രദായം യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയും പലതരം കരിനിയമങ്ങൾ നടപ്പിലാക്കിയും സ്ഥിരംതൊഴിലാളികളെ കപ്പൽശാലയിലെ തന്ത്ര പ്രധാനമായ തൊഴിലിടങ്ങളിൽനിന്ന് മാറ്റി നിർത്താൻ കപ്പൽശാലാ മാനേജ്മെന്റ് ആസൂത്രിതശ്രമം നടത്തുന്നുണ്ട്.
കപ്പൽശാലയിലെ ജോലികളും തൊഴിലവസരങ്ങളും കരാറുകാർക്ക് പിൻവാതിലിലൂടെ കൈമാറി അവരിൽനിന്നും വൻതുകകൾ കമ്മീഷൻ പറ്റാനുള്ള ചില ഉദ്യോഗസ്ഥരുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നത് ന്യായമായും സംശയിക്കാനാകുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. അതീവ തൊഴിൽ വൈദഗ്ദ്ധ്വും ഉത്തരവാദിത്തവും ആവശ്യമുള്ള ജോലികൾ പോലും കപ്പൽശാലയിലെ വിദഗ്ദ്ധരായ സ്ഥിരംതൊഴിലാളികളെ മാറ്റിനിർത്തിക്കൊണ്ട് യാതൊരു തൊഴിൽ വൈദദ്ധ്യവും ഇല്ലാത്ത കരാർ തൊഴിലാളികൾക്ക് നൽകുന്നത് വൻ അഴിമതിയുടെ ഭാഗമാണ്.
ഇത്തരം കരാർവത്ക്കരത്തിലൂടെ കോടികൾ വില വരുന്ന യന്ത്രഭാഗങ്ങളും നിർമാണ സാമഗ്രികളും തകരാറിലാകുന്നതും, പണി പൂർത്തിയാക്കുന്ന ഉത്പന്നങ്ങൾ സീ ട്രയൽസമയത്ത് പ്രവർത്തന രഹിതമായിത്തീരുന്നതും കപ്പൽശാലയിൽ നിത്യസംഭവമായി തീരുകയാണ്. ഇത് കപ്പൽശാലക്ക് വൻ സാമ്പത്തിക ബാദ്ധ്യതയായി മാറുന്നതോടൊപ്പം ഇതുവരെ കപ്പൽശാല നേടിയ സൽപ്പേരിനു കളങ്കം വരുത്താനും കാരണമാകുന്നുണ്ട്. നേരത്തെ ഷിപ്പ് റിപ്പയർഡോക്കിന്റെ ഗേറ്റ് കായലിൽ മുങ്ങിയതുമായി ബന്ധപ്പെട്ട്, മുങ്ങിപ്പോയ ഭാഗം വിദഗ്ദ്ധരായ കപ്പൽ ശാലാ തൊഴിലാളികൾതന്നെ പുറത്തെടുക്കാൻ തയ്യാറായിരുന്നെങ്കിലും ഇതനുവദിക്കാതെ ലക്ഷങ്ങൾമുടക്കി പുറത്തുനിന്ന് കരാറുകാരെ കൊണ്ട് വന്നു. പക്ഷെ ഈ പരീക്ഷണം പരാജയപ്പെടുകയും ഒരു പ്രഹസനമായി തീരുകയും ചെയ്തു. തുടർന്ന് കഴിഞ്ഞമാസം 7 കോടി രൂപക്കാണ് മുംബെ ആസ്ഥാനമായ കമ്പനിക്ക് ഇതേ ജോലിക്ക് വീണ്ടും കരാർ നൽകിയത്. വളരെ കുറഞ്ഞ ചെലവിൽ കപ്പൽശാലാതൊഴിലാളികളെക്കൊണ്ട് തീർക്കാമായിരുന്ന ഈ ജോലിയുടെ പേരിൽ ഇത്രയധികം രൂപ പാഴ്‌ച്ചെലവ് നടത്തിയതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം. ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ് . ഇത്തരത്തിൽ കപ്പൽശാലയിൽ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും പൊതു ജനങ്ങളുടെ പണം വൻതോതിൽ നഷ്ടപ്പെടുന്നതിനിടയാക്കുന്നു.
ഇതിനൊപ്പം തന്നെ വിജിലൻസ് സംവിധാനം നിർജീവമാകുന്നതിലും സത്യ സന്ധരും അർപ്പണ മനോഭാവമുള്ളവരുമായ തൊഴിലാളികൾക്കിടയിൽ കനത്ത നിരാശ ഉടലെടുത്തിട്ടുണ്ട്. ഇത് ഈ സ്ഥാപനത്തിന്റെ ഭാവിയ്ക്കും നിലനിൽപ്പിനും ഭൂഷണമല്ല.
എറണാകുളത്തെ ജനങ്ങൾ അവരുടെ കിടപ്പാടവും ആരാധനാലയങ്ങളും ഉൾപ്പെടെ വിട്ടു നൽകുക വഴി നാടിനു സംഭാവന ചെയ്ത; രാജ്യത്തിന് അഭിമാനമായി മാറിക്കഴിഞ്ഞിട്ടുള്ള ഈ സ്ഥാപനത്തെയും ജനങ്ങളുടെ പണത്തെയും കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ല എന്ന് കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ തീരുമാനിച്ചിട്ടുണ്ട്. നിക്ഷിപ്ത താല്പര്യക്കാരും അഴിമതിക്കാരുമായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ധനമോഹവും ആർത്തിയും അനുവദിയ്ക്കുന്ന പ്രശ്നമേയില്ല, ബോധപൂർവ്വമായ വീഴ്ചകളിലും ചട്ട ലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് പ്രക്ഷോപത്തിനൊരുങ്ങുകയാണെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് ഹൈബി ഈഡൻ എം പി അറിയിച്ചു.