കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ വരട്ടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങളോട് പൂര്‍ണമായി യോജിക്കുന്നുവെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കട്ടെയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രദീപ് ചിബ്ബറും ഹര്‍ഷ് ഷായും ചേര്‍ന്നെഴുതിയ നാളത്തെ ഇന്ത്യ: അടുത്ത തലമുറയിലെ രാഷ്ട്രീയ നേതാക്കളുമായുള്ള സംഭാഷണം എന്ന പുസ്തകത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയത്.
”പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ അങ്ങോട്ടേക്ക് പോകും.’- പ്രിയങ്ക പറയുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുല്‍ഗാന്ധി രാജിവെച്ചത്. തുടര്‍ന്ന് 2019 ഓഗസ്റ്റ് 10ന് സോണിയ ഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേല്‍ക്കുകയായിരുന്നു. വിദൂരഭാവിയിലല്ലാതെ പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്നും അതുവരെ സോണിയ ഇടക്കാല അധ്യക്ഷയായി തുടരുമെന്നുമാണ് അടുത്തിടെ കോണ്‍ഗ്രസ് പാര്‍ട്ടി വ്യക്തമാക്കിയത്.